Tuesday, November 20, 2012

Grow Cabbage and Cauliflower (കാബേജും കോളിഫ്ലവറും നടാം)

ശീതകാല പച്ചക്കറി വിളകളായ കാബേജും കോളിഫ്ലവറും കാരറ്റും ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷി ചെയ്തു വിജയിച്ചിട്ടുണ്ട്.നാട്ടിലെ എല്ലാ ഭാഗങ്ങളിലും കൃഷിയിറക്കി നല്ല രുചികരമായ വിഷമില്ലാത്ത , കാബേജും കോളിഫ്ലവറും നമുക്ക് പറിച്ചെടുത്ത് ഉപയോഗിക്കാം. ഇത് വെറുംവാക്കല്ല.

ശരിയായ കാലയളവില്‍ വിത്ത് പാകി, തൈ കിളിര്‍പ്പിച്ച് നട്ടാലെ ഈ വിളകള്‍ വിജയകരമാവൂ. ഇതിനിപ്പോള്‍ നല്ല സമയമാണ്. കാബേജില്‍ എന്‍.എസ്.-183, കോളി ഫ്ലവറില്‍ ബസന്ത് എന്നീയിനങ്ങള്‍ ഇവിടെ നന്നായി പിടിച്ചുകിട്ടും.

സപ്തംബര്‍ - ഒക്ടോബര്‍ മുതല്‍ ജനവരി -ഫിബ്രവരി വരെയാണ് ഏറ്റവും യോജിച്ച സമയം. സങ്കരയിനങ്ങളുടെ വിത്താണെങ്കില്‍ ഒരു ഹെക്ടറിന് 250 ഗ്രാം വിത്തുവേണം. ഒരു സെന്ററില്‍ നടുന്നയവസരത്തില്‍ രണ്ട് മൂന്ന് ഗ്രാം വിത്താവശ്യമാണ്. ചെറിയ കടുകുമണിമാതിരിയാണ് കാബേജ്, കോളിഫ്ലവര്‍ എന്നിവയുടെ വിത്തുകള്‍. കാരറ്റില്‍, സൂപ്പര്‍ കുറോഡ എന്ന ഇനമാണിവിടേക്കിണങ്ങിയതായി കണ്ടത്.
വിത്ത്പാകല്

വിത്ത് വളരെ ശ്രദ്ധ നല്‍കി പാകിയാലെ കിളിര്‍ക്കൂ. മാത്രമല്ല തൈകള്‍ നല്ലശ്രദ്ധ നല്‍കി പരിചരിച്ച് പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നടുന്നതിലും ശ്രദ്ധവേണം. കാരറ്റില്‍, തൈകള്‍ പറിച്ചുനടാറില്ല. നല്ല വൃത്തിയുള്ള ഭാഗത്ത് തവാരണയുണ്ടാക്കണം. തുറസ്സായ സ്ഥലത്തോ, ഷെയ്ഡ് നെറ്റിലോ തൈകള്‍ ശരിയാക്കാം. വിത്ത് പാകിയാല്‍ നാലഞ്ചുദിവസം കൊണ്ട് തൈമുളച്ചുവരും. എട്ട് - പത്ത് സെന്റിമീറ്റര്‍ ഉയരം വരുന്ന തൈകള്‍ 25 ദിവസമായാല്‍ പിഴുത് നീക്കി നടാം. മണ്ണ്, മണല്‍, ചാണകപ്പൊടി ഇവയാവശ്യത്തിന് ചേര്‍ത്തിയ തവാരണയില്‍ ട്രൈക്കോഡെര്‍മ മിശ്രിതം കൂടി ചേര്‍ത്താല്‍ നല്ലതാണ്. സൂഡോമോണസ് മിശ്രിതം തവാരണയില്‍ ചേര്‍ക്കുന്നതും നല്ലതാണ്. ഇവ ലഭിച്ചില്ലെങ്കില്‍ ഫൈറ്റോലാന്റ് എന്ന കുമിള്‍നാശിനി നാല് ഗ്രാമെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി, തവാരണയില്‍ ഒഴിച്ചുളക്കിയിടണം. ഇങ്ങനെയുള്ള ഭാഗത്ത് 10 ദിവസശേഷം മാത്രമേ വിത്തിടാവൂ. പോളിട്രേകളിലും ചെടിച്ചട്ടികളിലും മിശ്രിതം നിറച്ചും വിത്ത് പാകാം.

പരിചരണം

തൈകള്‍, മുളച്ചുവന്നാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ 10 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ നല്ല വളര്‍ച്ച ലഭിക്കും. രാസവളം, കുമിള്‍ നാശിനി, ഇവ ഉപയോഗിക്കുമ്പോള്‍, സ്യൂഡോമോണസ് ഒന്നിച്ച് പ്രയോഗിക്കരുത്. മുളച്ചുവരുന്നതൈകള്‍, കുമിള്‍ ശല്യം നിമിത്തം ചീയാന്‍ സാധ്യതയുണ്ട്. ഇതിന് വിത്ത്, തവാരണയില്‍ വരിവരിയായി പാകണം. മണ്ണില്‍ കുമിള്‍നാശിനി ഒഴിച്ചശേഷം വിത്തിട്ടാലും കടചീയല്‍ രോഗം വരില്ല. സ്യൂഡോമോണാസ് തളിച്ചാല്‍ നല്ലതാണ്.

ഇനി ജൈവമല്ലായെങ്കില്‍ ഫൈറ്റോലാന്‍ നാലുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കണം. ഇലതീനി ശല്യം വന്നാല്‍ പുഴുക്കളെ പിടിച്ചു നശിപ്പിക്കുന്നതാണുത്തമം. അല്ലെങ്കില്‍ ഗോമൂത്രം, കാന്താരിമുളക് ലായനി തളിച്ചാല്‍ മതി.

നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയും കിട്ടുന്ന മണ്ണില്‍കാബേജ്, കോളിഫ്ലവര്‍ നല്ല വിളവ് തരുമെന്ന് കണ്ടിട്ടുണ്ട്. ഒരടി വീതി, അരയടി താഴ്ച ആവശ്യത്തിന് നീളമുള്ള രണ്ടടിയകലത്തിലെടുത്ത ചാലുകളില്‍ മണ്ണ്, കാലിവളം, കമ്പോസ്റ്റ് ഇവ ചേര്‍ത്തിളക്കിയിടണം. ഇവയിട്ട് ചാലിന്റെ മുക്കാല്‍ ഭാഗം മൂടണം. ഇതില്‍ ഒന്നരയടിയകലത്തില്‍ തൈകള്‍ നടാം. തണല്‍ കുത്തി, നന മൂന്ന്-നാല് ദിവസത്തേക്ക് നല്‍കാനും മറക്കരുത്.

രാസവളം ചേര്‍ക്കാന്‍ താത്പര്യമുള്ളവര്‍ തൈനടീല്‍ കഴിഞ്ഞ് പത്ത് ദിവസമാകുമ്പോള്‍ ഒരു സെന്റിന് ഒരു കിലോ ഫാക്ടംഫോസ് അരകിലോ പൊട്ടാഷും ചേര്‍ക്കണം. ആദ്യത്തെ വളം ചേര്‍ത്തതിനുശേഷം 35 ദിവസമായാല്‍ ഒരു കി.ഗ്രാം ഫാക്ടംഫോസ് മാത്രമായി ചേര്‍ക്കാം. വളമിട്ട്, മണ്ണ് കയറ്റിയിടണം. ജൈവവളം മാത്രം നല്‍കുന്നവര്‍, വേപ്പിന്‍പ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, മണ്ണിരവളം ഇവ നല്‍കണം.
മഴയുടെ തോതനുസരിച്ച് നന ക്രമീകരിക്കണം. ഒന്നിടവിട്ട ദിവസങ്ങളില്‍ നനക്കുന്നതാണ് നല്ലത്. തൈകള്‍ നട്ട് 60-65 ദിവസമായാല്‍ കോളിഫ്ലവറും, 55-60 ദിവസമായാല്‍ കാബേജും വിളവെടുക്കാം.

കോളിഫ്ലവര്‍ കര്‍ഡ് പൂര്‍ണവളര്‍ച്ചയെത്തി, ഒതുങ്ങിയിരിക്കുമ്പോള്‍ത്തന്നെ പറിച്ചുപയോഗിക്കാം. വിളവെടുപ്പ് വൈകിയാല്‍ ഇവ വിടര്‍ന്നുപോകും.

കാബേജ്: വളര്‍ച്ചയായാല്‍ വിളവെടുക്കണം.കോളിഫ്ലവറിന്റെ കര്‍ഡുകള്‍ക്ക് നല്ല നിറം ലഭിക്കുന്നതിന് സൂര്യപ്രകാശം തട്ടാതെ കര്‍ഡുകള്‍ വിരിഞ്ഞുകഴിയുമ്പോള്‍ ചുറ്റുമുള്ള ഇലകള്‍ ഉപയോഗിച്ച് നന്നായി പൊതിഞ്ഞിടണം.

കുറച്ച് താത്പര്യം, നല്ല വിത്തിന്റെ ലഭ്യത, ശ്രദ്ധിച്ചുള്ള വിത്തിടലും തൈനടീലും ഇവയെല്ലാം ഒരുമിച്ചാല്‍, കാബേജും കോളിഫ്ലവറും എല്ലാവരുടെ പറമ്പിലും നന്നായി വളരും.
കടപ്പാട്: മാതൃഭൂമി 

No comments:

Post a Comment