Showing posts with label tomato in kitchen garden. Show all posts
Showing posts with label tomato in kitchen garden. Show all posts

Friday, November 23, 2012

How to Grow Tomato (തക്കാളികൃഷി)

തക്കാളി നടാന്‍ വളരെയെളുപ്പമാണ്. ചെടിച്ചട്ടികള്‍, ചാക്കുകള്‍, പ്ലാസ്റ്റിക് ബക്കറ്റുകള്‍ ഇവയിലെല്ലാം വിത്ത്പാകി കിളിര്‍പ്പിച്ച തൈകള്‍ നടാന്‍ പറ്റും. സ്ഥലമേറെയുള്ളവര്‍ക്ക് നിലത്ത് കുഴിയില്‍ തൈ നടാം. അല്ലാത്തയവസരത്തില്‍ ടെറസ്സില്‍ ചട്ടിയും ചാക്കും മണ്ണിട്ടതില്‍ തൈ സുഖമായി നട്ടുവളര്‍ത്താം.



തക്കാളികൃഷിക്ക് ഏറ്റവും യോജിച്ച സമയം സപ്തംബര്‍, ഒക്ടോബര്‍ മുതല്‍ നവംബര്‍-ഡിസംബര്‍ വരെയുള്ള സമയമാണ്. കേരള മണ്ണിനിണങ്ങിയ ചില തക്കാളിയിനങ്ങള്‍ ആണ്  ശക്തി, മുക്തി, അനഘ, വെള്ളായണി, വിജയ് എന്നിവ.


ശ്രദ്ധിക്കേണ്ടവ

കേരളത്തിലെ മണ്ണ് പൊതുവായി അമ്ലത്ത്വം (പുളിരസം) കൂടിയതരമാണ്. ഇത്തരം മണ്ണില്‍ ബാക്ടീരിയകള്‍ വഴിയുണ്ടാവുന്ന 'ബാക്ടീരിയല്‍ വാട്ടം' വലിയ തലവേദനയാണ്. അത് പ്രതിരോധിച്ച് വളര്‍ന്ന്, നല്ല കായ്പ്പിടിത്തം കാണിക്കുന്ന തക്കാളിയിനങ്ങള്‍തന്നെ നടാന്‍ ഉപയോഗിക്കണം. കായ്കള്‍ മൂപ്പായി വരുന്നയവസരത്തിലാണ് തക്കാളി വിണ്ടുകീറുന്ന പ്രവണത. ശക്തി, മുക്തി, അനഘ, വെള്ളായണി, വിജയ് എന്നീയിനങ്ങള്‍ വാട്ടമില്ലാത്തവയാണ്. മുക്തിയും അനഘയും വിണ്ടുകീറല്‍ കുറവുള്ളയിനങ്ങളാണ്.

അനഘയുടെ തക്കാളിക്ക് ശരാശരി നാല്പത്തിയഞ്ച് ഗ്രാം തൂക്കവും നല്ല ഉരുണ്ട ആകൃതിയുമുണ്ട്. നല്ല വേനലിലും 'അനഘ' നിറയെ കായ്കള്‍ തരും. 'അനഘ'യുടെ ചെടിക്ക് ശരാശരി 67 സെന്റിമീറ്റര്‍ പൊക്കം വരും. ഒരു ചെടിയില്‍ നിന്ന് ഒരു കിലോയിലേറേ തക്കാളി ലഭിക്കും. തൈനട്ട് അമ്പത്തേഴാം ദിവസത്തില്‍ത്തന്നെ 'അനഘ' പുഷ്പിക്കാന്‍ തുടങ്ങും. 99 ദിവസം കൊണ്ട് വിളവെടുപ്പ് നടക്കും. 1 ഹെക്ടര്‍ കൃഷിയിടത്തില്‍ നിന്ന് ശരാശരി 30 ടണ്‍ വിളവ് 'അനഘ' തക്കാളിതരും. അനഘയുടെ കായ്കള്‍ നല്ല രുചികരമാണ്. നല്ല ഉരുണ്ടിരിക്കുന്ന തക്കാളികള്‍, പഴുത്താല്‍ തീരെ പച്ചയില്ലാതെ ചെമന്നിരിക്കും. ഒരു ചെടിയില്‍ 28 കായ്കള്‍ ചുരുങ്ങിയത് കാണും. അസ്‌കോര്‍ബിക്കാസിഡ് നന്നായി ഇതിലുണ്ട്. സ്വാദ് നാടന്‍ തക്കാളിയുടെ മാതിരിയാണ്. ഇല ചുരുളല്‍ രോഗം, മൊസൈക്ക്‌രോഗം താരതമ്യേന കുറവാണിതില്‍.

'വെള്ളായണി വിജയ്' എന്ന തക്കാളിയിനം തയ്‌വാനില്‍ നിന്നുള്ള ഒരു തക്കാളിയിനത്തില്‍ നിന്ന് തയ്യാറാക്കിയ ഇനമാണ്. നല്ല വിളവ്തരും. പടരാത്തയിനമാണിത്. തൈകള്‍ പറിച്ചുനട്ട് 32 ദിവസമായാല്‍ ആദ്യത്തെ പൂക്കള്‍ വിടരും. 30 ദിവസംകൂടി കഴിഞ്ഞാല്‍ വിളവ് പറിക്കാം. ആകെ 90 ദിവസത്തെ വിളദൈര്‍ഘ്യമുള്ള 'വെള്ളായണി വിജയി'ന്റെ ശരാശരി വിളവ് ഒരു ഹെക്ടറില്‍ 37 ടണ്ണാണ്. ഇളം പച്ചനിറത്തിലുള്ള വെള്ളായണി വിജയിന്റെ കായ്കള്‍ പഴുക്കുമ്പോള്‍ നല്ല ചുവപ്പായിരിക്കും. ഒരു ചെടിയില്‍ നിന്ന് 40 മുതല്‍ 45 വരെ തക്കാളികള്‍ ലഭിക്കും. ചെടിച്ചട്ടിയില്‍ നടാനും നല്ലതാണീയിനം.

വേറെ ഒരിനമാണ്, പകസാറൂബി. ഇതിന് നല്ല വിളവാണ്.ഒരു സെന്റില്‍ തക്കാളി നടാന്‍ 2 ഗ്രാം വിത്ത് മതിയാകും. ചെടികള്‍ തമ്മിലും (ഒരു വരിയിലെ 2 ചെടികള്‍) വരികള്‍ തമ്മിലും 90 സെന്റിമീറ്റര്‍ അകലം നല്‍കണം. വിത്ത്, മണ്ണ്, മണല്‍, ചാണകപ്പൊടി, മണ്ണിരകമ്പോസ്റ്റ് ഇവ നിറച്ച തവാരണയിലോ ചട്ടിയിലോ ട്രേയിലോ പാകണം. വിത്ത് അര സെന്റിമീറ്ററില്‍ കൂടുതല്‍ താഴ്ത്തിയിടരുത്. ഒരു സെന്റില്‍ 100 മുതല്‍ 111 തക്കാളിച്ചെടികള്‍ വരെ നടാം. 1 സെന്റിന് 80 മുതല്‍ 100 കി.ഗ്രാം വരെ ചാണകം/ജൈവ വളം ചേര്‍ക്കാം. മണ്ണിരവളം, കപ്പലണ്ടിപ്പിണ്ണാക്ക്, സ്യൂഡോമോണസ് ഇവ സ്ഥിരമായി ചേര്‍ക്കുന്നത് നല്ലതാണ്.